ധാക്ക: 2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ. ധാക്കയിലെ ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ പറഞ്ഞു. 2024 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കാണ് ശൈഖ് ഹസീന വിചാരണ നേരിട്ടിരുന്നത്.
ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. നിലവിൽ ശൈഖ് ഹസീന ഇന്ത്യയിലാണുള്ളത്.
പിടിച്ചെടുത്ത രേഖകൾ, ഇരകളുടെ വിശദമായ പട്ടിക എന്നിവ ഉൾപ്പെടെ 8,747 പേജുള്ള തെളിവുകളാണ് പ്രോസിക്യൂട്ടർമാർ സമർപ്പിച്ചത്. പ്രതികൾ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പ്രേരണ നൽകുകയോ സൗകര്യമൊരുക്കുകയോ തടയാതിരിക്കുകയോ ചെയ്‌തോ എന്നാണ് ട്രൈബ്യൂണൽ പരിശോധിച്ചതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.