തിരുവനന്തപുരം: സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പില്‍ സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്. പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളിനെ താക്കീത് ചെയ്യാനാണ് തീരുമാനം. 21കാരിയെ വ്യാജരേഖയുണ്ടാക്കി മത്സരിപ്പിച്ചതിലാണ് നടപടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹിയറിങ്ങിൽ കൃത്യമായ പ്രവേശന രേഖകൾ സ്കൂൾ അധികൃതർ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. യുപി സ്വദേശിയായ കുട്ടിയെ കുറിച്ച് കായികമേളക്ക് ശേഷം വിവരമില്ലെന്നാണ് സ്കൂളിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പ്രായത്തട്ടിപ്പ് തടയാൻ നടപടി സ്വീകരിക്കും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വിജിലൻസ് സെൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇതരസംസ്ഥാന കുട്ടികളുടെ സ്കൂൾ പ്രവേശനം പരിശോധിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പുല്ലൂരാംപാറ സ്കൂളിന്റെ താരത്തിനെതിരെയാണ് പ്രായ തട്ടിപ്പ് പരാതി ഉയർന്നത്. അത്ലറ്റിക് ഫെഡറേഷൻ രേഖകളിൽ താരത്തിന്‍റെ പ്രായം കൂടുതലെന്ന് തെളിഞ്ഞു. ഇതോടെ മത്സരഫലം തടഞ്ഞുവെക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ മത്സരാർത്ഥിക്ക് പ്രായം 21 വയസും 5 മാസവുമെന്ന് അത്ലറ്റിക് ഫെഡറേഷൻ രേഖകൾ വ്യക്തമാക്കുന്നു. എന്നാല്‍ 19വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. ഇതോടെ സീനിയർ പെൺകുട്ടികളുടെ നൂറിലും 200ലും രണ്ടാം സ്ഥാനം നേടിയ താരത്തിനെതിരെ മറ്റ് സ്കൂളുകളും പരാതിയുമായെത്തി. താരത്തിന്റെ പ്രായം 21 എന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിനും ലഭിച്ചിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് കുട്ടി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂൾ സമർപ്പിച്ച രേഖകൾ പ്രകാരം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 18 കാരി. വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. പരാതി വന്ന മത്സര ഫലങ്ങൾ തടഞ്ഞുവെച്ചു. കേരള അത്ലറ്റിക് അസോസിയേഷനും അന്വേഷണം തുടങ്ങുകയായിരുന്നു