പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കളും പ്രാദേശികനേതാക്കളും പറഞ്ഞു.
കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. മരണത്തിനിടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അഞ്ചുവർഷമായി സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പത്രവിതരണസഹായിയായും പ്രവർത്തിച്ചിരുന്നു