കൊച്ചി: നാലു വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റില്‍. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. നാലു വയസുകാരിക്ക് പൊള്ളലേറ്റത് ശ്രദ്ധയില്‍പെട്ട സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മരട് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കുറേ നാളായി അമ്മ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംഭവം എന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളല്‍ കണ്ട അധ്യാപകര്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മ ഉപദ്രവിച്ച കാര്യം പറഞ്ഞത്.
വീട്ടില്‍ നിന്ന് ചേട്ടന് കഴിക്കാന്‍ ഭക്ഷണം കൊടുത്തെന്നും തനിക്ക് തന്നില്ലെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ കൈകാലുകളിലും സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ടെന്ന് മനസിലായി. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയത അമ്മയെ വൈകാതെ കോടതിയില്‍ ഹാജരാക്കും.