പത്തനംതിട്ട: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. തീര്‍ഥാടകര്‍ ബാരിക്കേഡ് മറിച്ചിട്ടു. പതിനെട്ടാംപടിയുടെ താഴെ ഗുരുതര സാഹചര്യമാണ്. ദര്‍ശനസമയം രണ്ടു മണിവരെ നീട്ടി. സന്നിധാനത്ത് ഭക്തരെ നിയന്ത്രിക്കാനാകാതെ പൊലീസും കുഴങ്ങി. ഇതിനിടെയാണ് കൊയിലാണ്ടി സ്വദേശിനി സതി കുഴഞ്ഞുവീണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായിട്ടും കേന്ദ്രസേനകളെ നിയോഗിച്ചില്ല. സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടും നടപടിയില്ല.
അതേസമയം മുന്നൊരുക്കങ്ങളില്‍ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ അസാധാരണ തിരക്കാണ് . പരമാവധി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ഇതിനായി പമ്പയിലെ സ്പോട് ബുക്കിങ്ങിന് പുറമെ നിലയ്ക്കലിലും സ്പോട് ബുക്കിങ് തുടങ്ങും. കുടിവെള്ളം, മാലിന്യം, വെളിച്ചം എന്നിവ പരിഹരിക്കുന്നതുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.