കാലിക്കറ്റ് ജോഷി ടൂർസ് & ട്രാവൽസിന്റെ സഹകരണത്തോടെ കോഴിക്കോട് പ്രസ് ക്ലബും ഇരവഞ്ഞിവാലി ടൂറിസം ഫാർമർ സൊസൈറ്റിയും സംയുക്തമായി തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലേക്ക് സംഘടിപ്പിച്ച ഏകദിന ഫാം ടൂർ കോഴിക്കോട് മുതലക്കുളത്ത് പ്രസ് ക്ലബിന് മുന്നിൽ നിന്നും മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് നിത്യാനന്ദ കമ്മത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ, ബി.എൻ.ഐ ലോഞ്ച് ഡയറക്ടർ താരിഖ്, വൺ ഇന്ത്യ കൈറ്റ് ക്ലബ് പ്രസിഡൻ്റ് അബ്ദുള്ള മാളിയേക്കൽ, ടിയാര ഹോട്ടൽ ഡയറക്ടർ താഹിർ, കേരള കോൺഗ്രസ് ( സ്കറിയ തോമസ്) ജില്ലാ സെക്രട്ടറി കെ.ടി. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ എട്ടോളം ഫാമുകളാണ് ഈ ഏകദിന യാത്രയിൽ സന്ദർശിച്ചത്. തികച്ചും നൂതനമായ മനോഹര അനുഭവത്തിലും മികച്ച ആതിഥേയത്വത്തിലും രുചികരമായ ഭക്ഷണത്തിലും മനം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തിയാണ് കോഴിക്കോട്ടെ പ്രമുഖ പത്രപ്രവർത്തകർ അടങ്ങിയ സംഘം തിരികെ പോയത്.
പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ, ജോയിൻ്റ് സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ്, ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് അജു എമ്മാനുവൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.