മുക്കം :നഗരസഭയിൽ കാട്ടുപന്നികളെ വേട്ടയാടാൻ ആദിവാസികളെത്തി. ഒറ്റ ദിവസം കൊണ്ട് അമ്പും വില്ലും ഉപയോഗിച്ച് കാടിളക്കി പന്നിവേട്ട നടത്തിയപ്പോൾ കൊന്നത് 22 പന്നികളെ. കിഫയുടെ ഷൂട്ടർമാരുമായി സഹകരിച്ചായിരുന്നു വയനാട് ജില്ലയിലെ കുറിച്യ വിഭാഗത്തിലെ ആദിവാസികളുടെ നേതൃത്വത്തിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള പന്നിവേട്ട.
ആദിവാസി അമ്പെയ്ത്തുകാരൻ അപ്പച്ചൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കോ ഓർഡിനേറ്റർ ടെന്നി തോമസ്, കിഫ മേഖല കൺവീനർ വിനോദ് മണാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 56 പേർ അടങ്ങുന്ന സംഘത്തിന്റെ മേൽ നോട്ടത്തിലായിരുന്നു പന്നി വേട്ട. കുറിച്യർ പടയിലെ പിൻ തലമുറയിലെ അമ്പെയ്ത്തുകാരായിരുന്നു വേട്ടയ്ക്കെത്തിയത്.