കോഴിക്കോട് : ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയെയും അതിന്റെ വൈവിധ്യത്തെയും കുറിച്ച് അവബോധം ഉണ്ടാക്കല്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദേശീയ കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
രാവിലെ 9.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ അധ്യക്ഷയാകും. പൊതുവിദ്യാലയങ്ങളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് കലാ ഉത്സവിലെ 12 ഇനങ്ങളിലായി മത്സരിക്കുക. പ്രധാന വേദിയായ ജൂബിലി ഹാളിന് പുറമെ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലപ്പുറം എന്‍.എസ്എസ് ഇ.എം.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരം.
വോക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് പെര്‍ക്യൂഷന്‍, ഓര്‍ക്കസ്ട്ര, സോളോ ഡാന്‍സ്, റീജണല്‍ ഫോക്ക് ഗ്രൂപ്പ് ഡാന്‍സ്, ഷോര്‍ട്ട് പ്ലേ, 2ഡി-3ഡി വിഷ്വല്‍ ആര്‍ട്‌സ്, ട്രഡീഷണല്‍ സ്റ്റോറി ടെല്ലിങ്, ഇന്‍ഡിജിനസ് ടോയ്‌സ് മേക്കിങ് തുടങ്ങിയവയില്‍ ജില്ലാ തലത്തില്‍ മികവ് തെളിയിച്ച നാനൂറോളം പ്രതിഭകളാണ് പങ്കെടുക്കുക.