കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വി എം വിനുവിന് പകരം മേയര്‍ സ്ഥാനാര്‍ത്ഥിയായി മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കാന്‍ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. വി എം വിനു, ജോയ് മാത്യു എന്നിവര്‍ താരപ്രചാരകരായി ഇറങ്ങും.
പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെന്നും യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും കാളക്കണ്ടി ബൈജു പറഞ്ഞു. വി എം വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായത് വലിയ വേദനയാണെന്നും അദ്ദേഹത്തിന് വലിയ സ്വീകരണം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്നും കാളക്കണ്ടി ബൈജു വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്‍സിലര്‍ എം സി സുധാമണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് പരിഗണനയിലുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും നേരത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടവരെ രംഗത്തിറക്കാനാണ് കോര്‍ കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് വിനുവിന് മത്സരിക്കാനാകില്ലെന്ന് തീര്‍പ്പായത്.
സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വി എം വിനുവിനോട് ചോദിച്ചിരുന്നു. തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2020-21 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വി എന്‍ വിനു വാദിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പാര്‍ട്ടി സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വിനു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.