തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മൂന്നാം പ്രതിയും മുൻ ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിയുകയായിരുന്ന വാസുവിനെ കനത്ത പോലീസ് സുരക്ഷയോടെയാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പോലീസ് വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് എൻ വാസു.സ്വർണ്ണക്കൊള്ള നടന്ന 2019-ൽ വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് നിർദ്ദേശം നൽകിയത് കമ്മീഷണറായിരുന്ന വാസുവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കേസിൽ മൂന്നാം പ്രതിയാക്കിയത്. നവീകരണശേഷം അധികംവന്ന സ്വർണ്ണം സ്പോൺസറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാൻ അദ്ദേഹം തയ്യാറായില്ല എന്നതായിരുന്നു വാസുവിനെതിയി ചുമത്തിയ കുറ്റം.മുരാരി ബാബുവിന്റെ മൊഴിയാണ് വാസുവിനെതിരായ അന്വേഷണത്തിൽ നിർണായകമായത്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെയും സുധീഷിന്റെയും മൊഴികൾ വാസുവിന് എതിരാണ്.
പ്രസിഡന്റായിരിക്കെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി “ബാക്കി സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കാമോ” എന്ന വിവാദ ഇമെയിൽ അയച്ചതും പിന്നീട് വാസു മറ്റുള്ളവർക്കു ഫോർവേഡ് ചെയ്തതും കേസിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങളാണ്. അതിനുശേഷം കാര്യത്തിൽ അന്വേഷണം നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം, സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേസിൽ നേരിട്ട് പങ്കുള്ള മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് ഇന്നലെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും കവർച്ചയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബു പറഞ്ഞത്.
അതിനിടെ, ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കുമെന്ന സൂചന മുൻപ് പുറത്തുവന്നിരുന്നു.