പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് വധഭീഷണിയെന്ന് പരാതി. പതിമൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉപനന്ദന്‍ എന്ന നന്ദന്‍ ആപ്പാംകുഴിയാണ് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയോടെ വീടിന് സമീപത്ത് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കുടുംബം അനാഥമാകുമെന്നാണ് ഇവര്‍ പറഞഞത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മുയിപ്പോത്ത് ആപ്പാംകുഴി കുഞ്ഞിരാമന്റെ മകനാണ് നന്ദന്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നന്ദന്‍ ആപ്പാംകുഴിയുടെ സ്ഥാനാര്‍ത്ഥിത്വം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് കടുത്ത ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ മത്സരം കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാനും യു.ഡി.എഫിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് മേപ്പയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.