കൊച്ചി: നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിച്ചാണ് ചൂഷണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി മധുവിനായി എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പും ലഭിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും പിന്നെ ഇവരെ ഭീഷണിപ്പെടുത്തി ഇറാനിലെത്തിച്ചുമാണ് അവയവക്കടത്ത് സംഘം പണമുണ്ടാക്കുന്നതെന്നാണ് എന്‍ഐഎയുടെ നടുക്കുന്ന കണ്ടെത്തല്‍. വൃക്ക തട്ടിയെടുക്കാനാണ് ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ചത്. സ്‌റ്റെമ്മ ക്ലബ്ബ് എന്ന അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതി മധു ജയകുമാറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മധുവിനെ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ സംഘം ഇപ്പോഴുള്ളത്. മധുവും സംഘവും ഇതുവരെ 14 പേരെ ഇറാനിലെത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.