മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണം പിടികൂടി. മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കളെയാണ് കുഴൽപണവുമായി വയനാട് പോലീസ് പിടികൂടിയത്. വടകര, മെന്‍മുണ്ട, കണ്ടിയില്‍ സല്‍മാന്‍ (36), വടകര, അമ്പലപറമ്പത്ത് ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയില്‍ റസാക്ക്(38), വടകര, മെന്‍മുണ്ട, ചെട്ടിയാം മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി, പുറാക്കല്‍ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ്, മാനന്തവാടി പോലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. കാറിന്റെ രഹസ്യ അറയില്‍ നിന്ന് 3,15,11900 രൂപയാണ് കണ്ടെത്തിയത്.
ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി കഴിഞ്ഞദിവസം പുലര്‍ച്ചെയും ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ സൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റംസും പോലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ സൂത്രധാരനായ സല്‍മാന്റെ പങ്ക് വ്യക്തമായത്.