ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പ്രധാന പ്രതിയായ രോഹിത് എം/എസ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി ചെയ്യുന്ന ഇൻസുലേറ്ററാണ്. മുമ്പ് നാവിക കപ്പലുകൾ നിർമ്മിക്കുന്ന കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു.
കേരളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് നാവികസേനയുമായി ബന്ധപ്പെട്ട കപ്പലുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളുടെപട്ടിക രോഹിത് വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി പങ്കുവെച്ചതായും നിയമവിരുദ്ധ ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഉഡുപ്പി എസ്പി ഹരിറാം ശങ്കർ പറഞ്ഞു. മാൽപെ കപ്പൽശാല യൂണിറ്റിൽ ചേർന്നതിനുശേഷം, കൊച്ചിയിലെ സുഹൃത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ മാൽപെ പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കാർക്കള സബ്ഡിവിഷൻ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ് പ്രതികൾ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. ഡിസംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു