കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി സമസ്ത. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാണ് വിമര്‍ശനം. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.
മുസ്‌ലിങ്ങളെ മതേതര കോണ്‍ഗ്രസ് രണ്ടാം തരം പൗരന്മാരാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക പങ്കുവെച്ചാണ് വിമര്‍ശനം. ജില്ലാ പഞ്ചായത്തിലേക്ക് മുസ്‌ലിം വിഭാഗത്തിലുള്ള ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ആകെ രണ്ട് പേരെയാണ് പരിഗണിച്ചത്. പൂതാടിയില്‍ മത്സരിക്കുന്ന ഷംഷാദ് മരയ്ക്കാരിനും വെള്ളമുണ്ടയില്‍ മത്സരിക്കുന്ന യൂനസിനുമാണ് പ്രാതിനിധ്യം ലഭിച്ചത്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും