മാവേലിക്കര: കല്ലുമല പുതുച്ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം മകൻ തന്നെ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ അഡിക്ഷൻ സെൻററിൽ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. വീട് വിൽക്കുന്നതിനെ ചൊല്ലി മാതാവുമായി സ്വത്ത് തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട കനകമ്മ സോമരാജ് സി.പി.ഐ പ്രാദേശിക നേതാവായിരുന്നു.
കൃഷ്ണദാസിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്പി ആർ. ബിനുകുമാർ സ്ഥലത്ത് എത്തി. ഫൊറൻസിക് സംഘം ഉടൻ സ്ഥലത്തെത്തും.