മുള്ളൻപൂര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം ഇന്ന് മുള്ളൻപൂരില്‍ നടക്കും. രാത്രി ഏഴിന് തടുങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.
മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും മങ്ങിയ ഫോമാണ് ഇന്ത്യക്ക് പ്രധാന തലവേദന. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗില്‍ നാലു റണ്‍സും സൂര്യകുമാര്‍ 12 റണ്‍സുമെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണെ മാറ്റി പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. 26.3 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഈ വര്‍ഷം ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇതുവരെ നേടിയത്.
കഴിഞ്ഞ 13 ഇന്നിംഗ്സില്‍ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2) എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്കോറുകള്‍. ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി പരീക്ഷിച്ചത്.കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇരവരും കടുത്ത സമ്മര്‍ദ്ദത്തിലാണ്.