പാലക്കാട്: പാലക്കാട് കല്ലേക്കാട് കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ബിജെപി സ്ഥാനാർഥിക്കായി തിരച്ചിൽ. ബിജെപി സ്ഥാനാർഥിയും അക്രമത്തിൽ പങ്കെടുത്തതായാണ് പരതി.
പിരായിരി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്ഥാനാർഥി അരുൺ ആലങ്ങാടിനെയാണ് പൊലീസ് തിരയുന്നത്. കെഎസ്‌യു പ്രവർത്തകനായ മുഹമ്മദ് അജ്മലിനാണ് മർദനമേറ്റത്. ഇയാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
രക്തം ഛർദിക്കുന്നതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അജ്മൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബൂത്ത് കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകർ കെഎസ്‌യു- പ്രവർത്തകരെ മർദിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലേറിലാണ് അജ്മലിന്റെ കണ്ണിന് പരിക്കേറ്റത്. പ്രശ്‌നമുണ്ടായ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ അവിടെവെച്ചാണ് ബിജെപിക്കാർ ആക്രമിച്ചതെന്നാണ് വിവരം.