ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി.സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെയും വി.സിമാരെ തെരഞ്ഞടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയയ്ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
മുന്‍ഗണനാക്രമത്തിലുള്ള പട്ടിക മുദ്രവച്ച കവറില്‍ അടുത്ത ബുധനാഴ്ച സുധാന്‍ഷു ധൂലിയ സുപ്രിംകോടതിക്ക് കൈമാറണം എന്നും, അതിന്റെ അടിസ്ഥാനത്തില്‍ വിസി നിയമനം നടത്തുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ മാത്രമാണ് ഏക പോംവഴിയെന്നും അല്ലെങ്കില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ തങ്ങള്‍ തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശയെന്ന് അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി ബെഞ്ചിനെ അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സമിതി രണ്ട് സെറ്റ് പേരുകള്‍ ശുപാര്‍ശ ചെയ്തു. ചാന്‍സലര്‍ രണ്ട് പേരുകള്‍ തെരഞ്ഞെടുത്തു. ഈ പേരുകളില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വെങ്കിട്ടരമണി പറഞ്ഞു. സുപ്രിംകോടതി രൂപീകരിച്ച രണ്ട് സെര്‍ച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകള്‍ ഉള്ളതിനാലാണ് ഗവര്‍ണര്‍ ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി സ്വീകാര്യമല്ലെന്നു പറഞ്ഞ പേരുകള്‍ മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് സ്വീകാര്യമാകുന്നതെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വ്യക്തമാക്കി. എന്നാല്‍ ജസ്റ്റിസ് ധൂലിയ അധ്യക്ഷനായ സമിതി ഓരോ സര്‍വകലാശാലയ്ക്കും നാല് പേരുകള്‍ വീതം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ജെ. ബി പര്‍ഡിവാല ചൂണ്ടിക്കാട്ടി.