തൃശ്ശൂര്‍: എരുമപ്പെട്ടിയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എരുമപ്പെട്ടി പഞ്ചായത്ത് 18ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൗമ്യ യോഗേഷിന്റെ ഭര്‍ത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ യോഗേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം ഖാദി റോഡില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ മേശ ഇട്ടിരിക്കുന്നതിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേശ കൊണ്ടുവന്ന് ഇടാന്‍ ശ്രമിച്ചപ്പോള്‍ കെ.കെ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.
യോഗേഷ് ടേബിള്‍ ചവിട്ടി മറിക്കുകയും തുടര്‍ന്ന് അജു നെല്ലുവായിയുടെ ബൈക്കില്‍ ടേബിള്‍ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് അജു യാഗേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘട്ടനമായി. ഇതിനുശേഷം എരുമപ്പെട്ടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് -സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കുകയും പരാതി നല്‍കുന്നതിന് തീരുമാനമാവുകയും ചെയ്തു.