കുമളി: തേനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യ സഹോദരനെയും യുവാവ് വെട്ടി ക്കൊന്നു. അഭിഭാഷകയായ ചിന്നമന്നൂർ സ്വദേശിനി നിഖില (25), സഹോദരൻ വിവേക് ( 33) എന്നിവരാണ് കൊല്ലപ്പെട്ടതന്ന് തേവാരം പൊലീസ് പറയുന്നു. യുവതിയുടെ ഭർത്താവും തേനി തേവാരം മുത്തയ്യൻസെട്ടി പട്ടി സ്വദേശിയുമായ പ്രദീപ് (27)ആണ് കൊല നടത്തിയത്. ഇയാൾ ഒളിവിലാണ്.
നിഖിലയും പ്രദീപും 3 മാസം മുമ്പാണ് വിവാഹിതരായത്. ജോലിക്ക് പോകാതെ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയുമായിരുന്നു ഇയാളുടെ പതിവ്. നിരവധി കേസുകളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ഇതുമൂലം ഒരു മാസമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ബന്ധുക്കൾ ചർച്ച നടത്തി കഴിഞ്ഞ ആഴ്ച നിഖിലയെ ഭർത്താവുമായി ഒന്നിപ്പിച്ചു. നാല് ദിവസം മുമ്പ് ഇരുവരും തമ്മിൽ വീണ്ടും പ്രശ്‌നമുണ്ടായി, പ്രദീപ് നിഖിലയെ ഭീകരമായി ആക്രമിച്ചു.
ചിന്നമന്നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിഖില സ്ത്രീധനത്തിനായി പ്രദീപ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് താലൂക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഷയം ചർച്ച ചെയ്‌ത ഗ്രാമസഭ പ്രദീപിൻ്റെ വീട്ടിൽനിന്നും നിഖിലയുടെ സാധനങ്ങൾ എടുത്തു കൊണ്ടുപോകാനും തീരുമാനിച്ചു.
ബന്ധുക്കളും വിവേകുമായി നിഖില ഭർത്താവിന്റെ വീട്ടിലേക്ക് പോയി. അവിടെവച്ച് ഇരു കുടുംബങ്ങൾ തമ്മിൽ വീണ്ടും വഴക്കുണ്ടായി. പ്രദീപ് കത്തി ഉപയോഗിച്ച് വിവേകിനെ പലതവണ കുത്തി, രക്തം വാർന്ന് വിവേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് കണ്ട് ബോധംകെട്ടു വീണ നിഖിലയെ പ്രദീപ് അരിവാൾ ഉപയോഗിച്ച് പലതവണ വെട്ടിയശേഷം കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. നിഖിലയുടെയും വിവേകിൻ്റെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദീപിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.