ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. മുനമ്പം ഭൂമിയിൽ സ്റ്റാറ്റസ്‌കോ തുടരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് ഹൈക്കോടതി നൽകിയ അംഗീകാരം സ്‌റ്റേ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈക്കോടതിക്ക് ഉത്തരവിടാനാവില്ല എന്നായിരുന്നു വഖഫ് സംരക്ഷണവേദിയുടെ വാദം. മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാവുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്ന വിഷയമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.