കൽപ്പറ്റ: ആയുധങ്ങളുമായി ആക്രമിച്ചെന്ന പരാതിയിൽ
കേസെടുക്കാതെ, മറിച്ച് തന്നെ അറസ്റ്റ് ചെയ്‌ത മേപ്പാടി പോലീസിനെതിരെ കള്ളാടി സ്വദേശി രാമരാജ് രംഗത്ത്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മൂപ്പൈനാട് വടുവൻചാൽ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവരികയായിരുന്നു രാമരാജ്. ഓഗസ്റ്റ് 12-ന് വൈകുന്നേരം പ്രദേശവാസിയും സംഘവും ചേർന്ന് ആയുധങ്ങളുമായി തന്നെ ആക്രമിച്ചെന്നാണ് പരാതി. കത്തികൊണ്ടുള്ള വെട്ട് തടയുന്നതിനിടെ ഇടതുകൈയ്ക്കു പരിക്കേറ്റിരുന്നു. എന്നാൽ, ഈ സംഭവത്തിൽ താൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല. മറിച്ച്, ആക്രമണത്തിന് നേതൃത്വം നൽകിയ വ്യക്തിയുടെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഒരു വർഷം മുമ്പ് പാടിവയൽ സ്വദേശി സ്വന്തം മാതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും, നിരന്തര ഉപദ്രവം കാരണം ഫാം നിർത്തേണ്ടി വന്നതായും രാമരാജ് പറഞ്ഞു.