കോഴിക്കോട് : മെഡിക്കൽ കോളേജ് ജങ്‌ഷനിൽനിന്ന് ദേവഗിരിയിലേക്ക് വരുന്ന റോഡ് എത്രയുംവേഗം ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
റോഡിന്റെ നിർമാണജോലികൾ 15 ദിവസത്തിനകം പൂർത്തിയാക്കാമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കമ്മിഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരായി ഉറപ്പുനൽകിയിരുന്നു.
ജലഅതോറിറ്റിയും വൈദ്യുതിബോർഡും നീളത്തിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച ശേഷം കുഴിമൂടിയെങ്കിലും റോഡ് വീണ്ടും ഗതാഗതയോഗ്യമല്ലാതായതായി നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷൻ ഇടപെട്ട സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലഅതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർക്കും കെഎസ്ഇബി കോവൂർ സെക്‌ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കും കത്തയച്ചതായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയും മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.