കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്നാണ് വിധിന്യായത്തിലെ ഒരു വരി. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.
ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547-ാം പേജിലുണ്ട്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
ഉത്തരവിന്റെ 1,110 മുതലുള്ള ഭാഗത്ത് ദിലീപിനെ എന്തുകൊണ്ട് വെറുതേ വിട്ടു എന്നത് സംബന്ധിച്ച് വ്യക്തത നല്‍കുന്നുണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.