വടകര : പോളിങ് ബൂത്തായി പ്രവർത്തിച്ച സ്കൂളുകളുടെ താക്കോൽ തിരിച്ചുകിട്ടാതെ വന്നതോടെ തിരുവള്ളൂർ പഞ്ചായത്തിലെ രണ്ടുസ്കൂളുകളിൽ കുട്ടികൾ ഉള്ളിൽക്കയറിയത് ക്ലാസ്‍മുറിയുടെ പൂട്ടുപൊളിച്ച്. വള്ള്യാട് യുപി സ്കൂളിന്റെയും തോടന്നൂർ എംഎൽപി സ്കൂളിന്റെയും പൂട്ടുകളാണ് പൊളിച്ചത്. മറ്റുസ്കൂളുകളിലും താക്കോൽ തിരികെ കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. സ്കൂളധികൃതർ പഞ്ചായത്ത് ഓഫീസിൽ പോയി താക്കോൽ വാങ്ങിക്കൊണ്ടുവന്നശേഷമാണ് സ്കൂൾ തുറന്നത്. അപ്പോഴേക്കും സമയം ഏറെവൈകി.
വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോഴാണ് താക്കോൽ പഞ്ചായത്ത് ഓഫീസിലാണെന്ന വിവരം കിട്ടിയത്.
പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ ഓഫീസിലെത്തി വാങ്ങണമെന്നായിരുന്നു നിർദേശം. മുൻപെല്ലാം താക്കോൽ തിരിച്ച് സ്കൂളിൽ തരുമായിരുന്നെന്ന് അധ്യാപകർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ പോയി താക്കോൽ വാങ്ങാൻ മിക്ക സ്കൂളുകളിലും ആളില്ലായിരുന്നു. പോളിങ് ഡ്യൂട്ടിയുള്ള അധ്യാപകർക്കെല്ലാം വെള്ളിയാഴ്ച ഓൺഡ്യൂട്ടിയാണ്. അതുകൊണ്ടുതന്നെ താക്കോൽ വാങ്ങാൻ പോകാനും ആളില്ല. ഇതോടെയാണ് പൂട്ടുപൊളിച്ച് കുട്ടികളെ ഉള്ളിൽ കയറ്റിയത്. താക്കോൽ സ്കൂൾസമയത്തിനുമുൻപേ തിരികെ എത്തിക്കാത്ത വിഷയം സ്കൂൾ പ്രധാനാധ്യാപകർ തോടന്നൂർ എഇഒയെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയെയും ധരിപ്പിച്ചിട്ടുണ്ട്.