തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം കാഴ്‌ചവെച്ചപ്പോൾ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചതാരെന്ന ചോദ്യവും പ്രസക്തമാണ്. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും കിട്ടിയ സീറ്റ് നില എങ്ങിനെയെന്ന് പരിശോധിക്കാം.
യു.ഡി.എഫിനെ നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത്. ആകെ 7816 സീറ്റുകൾ ജയിച്ച കോൺഗ്രസിന് പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. ആറ് കോർപ്പറേഷനുകളിലുമായി കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേർ വിജയിച്ചു.
അതേസമയം എൽഡിഎഫിനെ നയിച്ച സിപിഎമ്മും ഏറെ ദൂരത്തിലല്ല. സിപിഎമ്മിൻ്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച 7454 പേർക്ക് വിജയിക്കാൻ സാധിച്ചു. 5541 പേർ പഞ്ചായത്തിലേക്കും 743 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ലാ പഞ്ചായത്തിലേക്കും 946 പേർ നഗരസഭകളിലേക്കും 111 പേർ കോർപറേഷനിലേക്കും വിജയിച്ചു.