കോഴിക്കോട് : ഏത് തരംഗത്തിലും ആടിയുലയാതെനിന്ന കോഴിക്കോടിന്റെ ഇടതുകോട്ട യുഡിഎഫ് ഇടിച്ചുനിരത്തി യുഡി എഫിന്റെ ഞെട്ടിക്കൽ ബിരിയാണി. എന്നും എൽഡിഎഫിനൊപ്പം നിന്നിരുന്ന ഗ്രാമപ്പഞ്ചായത്തുകളിലടക്കം കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി യുഡിഎഫ് ആധിപത്യം നേടി. 42 പഞ്ചായത്തുകളിലാണ് ഇത്തവണ യുഡിഎഫ് ഭരണം നേടിയത്. എൽഡിഎഫ് 24-ലും. ഇടതുമുന്നണിയുടെ 19 ഗ്രാമപ്പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് ഭരിച്ചിരുന്ന മൂന്നുപഞ്ചായത്തുകളിൽ ഇരുമുന്നണികളും തുല്യനിലയിലാണ്. അഞ്ച് പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് നഷ്ടമായത്. യുഡിഎഫ് ഭരിച്ചിരുന്ന ഒരിടത്ത് തുല്യനിലയിൽ തുടരുന്നു. കഴിഞ്ഞതവണ 43 ഗ്രാമപ്പഞ്ചായത്തുകളിൽ എൽഡിഎഫും 27 ഇടത്ത് യുഡിഫുമായിരുന്നു ജയിച്ചിരുന്നത്.
ജില്ലാകൗൺസിൽ നിലവിലുള്ളകാലംമുതൽ ഇടതിനൊപ്പമായിരുന്ന ജില്ലാപഞ്ചായത്തിൽ ഇത്തവണ അപ്രതീക്ഷിത അട്ടിമറിയാണ് നടന്നത്. കോഴിക്കോട് കോർപ്പറേഷനിൽ ഭരണം ലഭിച്ചെങ്കിലും 15 സീറ്റുകൾ എൽഡിഎഫിന് നഷ്ടമായി. യുഡിഎഫും എൻഡിഎയും നല്ലമുന്നേറ്റമാണ് നടത്തിയത്.
50 സീറ്റിന്റെ മേധാവിത്വത്തിൽനിന്നാണ് 35-ലേക്ക് താഴ്ന്നത്. ബ്ലോക്ക് പഞ്ചായത്തിൽ മാത്രമാണ് വലിയകോട്ടം തട്ടാതിരുന്നത്. എങ്കിലും, എൽഡിഎഫിന് കഴിഞ്ഞതവണ പത്ത് ബ്ലോക്ക് പഞ്ചായത്തുകൾ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഏഴിടത്താണ് ജയിക്കാനായത്. മൂന്നിടങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. നഗരസഭകളിലും പ്രതീക്ഷിച്ചപോലെ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിനായില്ല. കഴിഞ്ഞതവണത്തെ അതേനിലയിൽ തുടരുകയാണ്. പലയിടത്തും കോൺഗ്രസിലും മുസ്‌ലിംലീഗിലും തർക്കങ്ങളും രാജിയും വിമതപ്രശ്നങ്ങളുമെല്ലാമുണ്ടായിരുന്നിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.
ആറുപതിറ്റാണ്ടിലധികമായി എൽഡിഎഫിനൊപ്പമായിരുന്ന കുരുവട്ടൂരും സിപിഎമ്മിന്റെ ചുവപ്പുകോട്ടയായി അറിയപ്പെട്ടിരുന്ന തലക്കുളത്തൂരും നഷ്ടമായത് കനത്തപ്രഹരമാണ്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ മണ്ഡലത്തിൽപ്പെട്ട പേരാമ്പ്ര ബ്ലോക്കിൽ അഞ്ച് കുത്തക പഞ്ചായത്തുകളാണ് നഷ്ടമായത്. പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ, ചെറുവണ്ണൂർ, നടുവണ്ണൂർ, ചങ്ങരോത്ത് പഞ്ചായത്തുകളെല്ലാം എൽഡിഎഫിനെ കൈവിട്ടു. ചങ്ങരോത്ത് പഞ്ചായത്തിൽ എൽഡിഎഫ് ഒരു സീറ്റിലേക്കൊതുങ്ങി. 45 വർഷത്തിനുശേഷമാണ് എൽഡിഎഫിന് ബാലുശ്ശേരി നഷ്ടമാവുന്നത്. 25 വർഷത്തിനുശേഷം പുറമേരി പഞ്ചായത്തിൽ യുഡിഎഫ് 19 സീറ്റുമായി അധികാരത്തിൽവന്നു. പത്തുവർഷമായി എൽഡിഎഫ് ഭരിക്കുന്ന പെരുമണ്ണയും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ പരന്പരാഗത ശക്തികേന്ദ്രമായിരുന്ന മണിയൂരും ഇത്തവണ നഷ്ടമായി. 65 വർഷമായി എൽഡിഎഫിനൊപ്പമായിരുന്ന കോട്ടൂർ പഞ്ചായത്തിൽ ഇരുമുന്നണികളും തുല്യനിലയിലാണ്.