തിരുവനന്തപുരം: മുന്‍ യുഡിഎഫ് കൗണ്‍സിലറും ഇത്തവണത്തെ സ്ഥാനാര്‍ഥിയുമായിരുന്ന വി.ആര്‍ സിനി കുഴഞ്ഞു വീണു മരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാര്‍ഡില്‍ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ദിവസമായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിനിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ അനുശോചനമറിയിച്ചു.
കോര്‍പ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗണ്‍സിലറായിരുന്നു സിനിയെന്നും ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാന്‍ യുഡിഫ് നിയോഗിച്ച പോരാളിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേര്‍ക്കും ലഭിച്ചു.
ആരോഗ്യപ്രശ്‌നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് സിമി ചേച്ചി പ്രവര്‍ത്തിച്ചത്. നമ്മുടെയെല്ലാം ഒരു ശക്തിയായിരുന്നു സിനി ചേച്ചിയെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.