പാലക്കാട്: പാലക്കാട് നഗരസഭയിൽ മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പറഞ്ഞു. മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്നും എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.
പാലക്കാട് നഗരസഭയിൽ സ്വതന്ത്രരരുടെ നിലപാട് നിർണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എൽഡിഎഫും യുഡിഎഫും കൈകോർത്താൽ ഭരണത്തിൽ നിന്ന് പുറത്താകും. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയിൽ ബിജെപി ഹാട്രിക് അടിക്കും. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിൽ ജയിച്ചു യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്.