ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം. ദുബായില്‍ നടന്ന മത്സരത്തില്‍ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്‍ 41.2 ഓവറില്‍ 150 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദീപേഷ് ദേവേന്ദ്രന്‍, കനിഷ് ചൗഹാന്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. 70 റണ്‍സ് നേടിയ ഹുസൈസ് അഹ്‌സാനൊഴികെ പാക് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. കനിഷ്‌ക് ചൗഹാന്‍ (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വൈഭവ് സൂര്യവന്‍ഷി അഞ്ച് റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ മഴയെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്മീര്‍ മിന്‍ഹാസിന്റെ (9) വിക്കറ്റ് ആദ്യം നഷ്ടമായി. ദീപേഷിന്റെ പന്തില്‍ നമന്‍ പുഷ്പകിന് ക്യാച്ച്. തുടര്‍ന്നെത്തിയ അലി ഹസന്‍ ബലൂച്ച് നേരിട്ട ആറാം പന്തില്‍ റണ്‍സെടുക്കാതെ തന്നെ മടങ്ങി. ഇത്തവണ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടുവാണ് ക്യാച്ചെടുത്തത്. അഹമ്മദ് ഹുസൈനെ കൂടി പുറത്താക്കി ദീപേഷ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. ഉസ്മാന്‍ ഖാനെ കനിഷ്‌ക് ചൗഹാന്‍ മടക്കിയതോടെ നാലിന് 30 എന്ന നിലിയിലായി പാകിസ്ഥാന്‍. പിന്നീട് ഫര്‍ഹാന്‍ യൂസഫ് (23) - അഹ്‌സാന്‍ സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാന് ആശ്വാസം നല്‍കി. എന്നാല്‍ വൈഭവ് സൂര്യവന്‍ഷി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഫര്‍ഹാനെ വൈഭവ് മടക്കുകയായിരുന്നു.
തുടര്‍ന്ന് വന്നവരെല്ലാം വന്നത് പോലെ മടങ്ങി. ഹംസ സഹൂര്‍ (4), അബ്ദുള്‍ സുബാന്‍ (6), മുഹമ്മദ് സയ്യം (2), അലി റാസ (6) എന്നിവര്‍ക്കൊന്നും അഹ്‌സാന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. റണ്‍സുയര്‍ത്താനുള്ള ശ്രമത്തില്‍ അഹ്‌സാന്‍ മടങ്ങിയും പാകിസ്താന് തിരിച്ചടിയായി. നിഖാബ് ഷഫീഖ് (2) പുറത്താവാതെ നിന്നു.