കോഴിക്കോട് : വിവിധ ദേശങ്ങളെയും സംസ്കാരങ്ങളെയും സമ്പന്നമാക്കുകയും കോർത്തിണക്കുകയും ചെയ്ത ഭാഷയാണ് അറബിയെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ ഡോ: അബ്ദുല്ല മുഹമ്മദ് അബൂ ഷാവേഷ് പറഞ്ഞു.
അന്താരാഷ്ട്ര അറബി ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന അറബിക് വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2 ബില്യൺ മനുഷ്യരുടെ വ്യവഹാര ഭാഷയായ അറബി ഇന്ന് ആഗോള വാണിജ്യഭാഷ കൂടിയായി ഉയർന്നിട്ടുണ്ട്
ഐക്യരാഷ്ട്രസഭ 1978 ൽ യു.എൻ ഭാഷയായി അറബിയെ അംഗീകരിച്ചത് മുതൽ അറബി ഭാഷക്ക് പുതിയ മാനങ്ങൾ കൈവന്നു. 2010 മുതൽ ഡിസംബറിൽ അറബി ഭാഷാ ദിനവും ആചരിച്ചു തുടങ്ങി
ഇന്ത്യൻ ജനത അറബി ഭാഷക്ക് നൽകുന്ന പ്രാധാന്യവും ഇന്ത്യയിലെ അറബി ഭാഷാ പണ്ഡിതർ നൽകിയ രചനാത്മകമായ സംഭാവനകളും പ്രശംസനീയമാണ്.
സാംസ്കാരിക ടൂറിസം മേഖലയും അറബിഭാഷയുടെ സൗന്ദര്യം ആസ്വദിക്കുന്നു.
പുതുതലമുറ അറബിഭാഷയും സാഹിത്യവും പഠിക്കാൻ കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട അറബി കവിതകൾ ഫലസ്തീനിനെ കുറിച്ചായിരിക്കും.
ഫലസ്തീനിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ ലോകത്തോട് സംവദിക്കാൻ അറബി ഭാഷ മാധ്യമമായി പ്രവർത്തിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.
സുലൈമാൻ ഹാജി കാരാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് സർവകലാ ശാല അറബിക് വിഭാഗം മുൻ ചെയർമാൻ ഡോ. മുഹ് യിദ്ധീൻ കുട്ടി, ഫെയ്സ് ലീഡർഷിപ്പ് സ്കൂൾ ചെയർമാൻ ഇ. യഅകൂബ് ഫൈസി, ഇൻഡോ -അറബ് മിഷൻ സെക്രട്ടറി ഡോ. അമീൻ മുഹമ്മദ് സഖാഫി, സയ്യിദ് സൈൻ ബാഫഖി തങ്ങൾ, മുൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. വീരാൻ കുട്ടി, കമാൽ വരദൂർ (ചന്ദ്രിക) മുസ്ഥഫ പി എറയ്ക്കൽ (സിറാജ്). ടി.കെ ജോഷി (സുപ്രഭാതം), സുഹൈൽ ബി.കെ (മാധ്യമം), വേലായുധൻ മുറ്റോളിൽ, ബശീർ എടാട്ട്, ഹാരിസ് പാലാഴി തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മദ് തസ്നീം സാഗതവും അമീറലി നന്ദിയും പറഞ്ഞു.