കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നേതാക്കളെ തെരഞ്ഞെടുത്ത ശേഷം മുന്നണി വിപുലീകരണ ചർച്ചകളിലേക്ക് കടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ മുന്നണി നല്ല നിലയിൽ മുന്നോട്ടുപോകുകയാണ്. ബാക്കി കാര്യങ്ങൾ പിന്നീടെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം യുഡിഎഫ് വിപുലീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. എൽഡിഎഫിൽ അതൃപ്തർ ധാരാളമുണ്ടെന്നും അടിത്തറ വിപുലീകരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
എന്നാൽ മുന്നണിമാറ്റം ചർച്ചയിലില്ലെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഉടൻ മുന്നണി മാറേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. ഞങ്ങളുടെ ശക്തി കോൺഗ്രസിന് അറിയാം. അതു കൊണ്ടാണ് അവർ ക്ഷണിക്കുന്നത്. മുന്നണിയുടെ കാര്യം പറയേണ്ടത് പി.ജെ ജോസഫ് അല്ലെന്നും കോൺഗ്രസാണെന്നും സ്റ്റീഫൻ പറഞ്ഞു.
മുന്നണി വിപുലീകരണത്തിനെതിരാണ് പി.ജെ ജോസഫ്. യുഡിഎഫ് ഇപ്പോൾതന്നെ ശക്തമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . കേരള കോൺഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും.
കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെ. മുന്നണി വിപുലീകരണ ചർച്ചകൾ അപ്രസക്തമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ജോസഫ് പറഞ്ഞു. ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.