ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക കുത്തനെ താഴ്ന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ച മറയുകയും വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന സാഹചര്യത്തിലേക്കുമാണ് കാര്യങ്ങളെത്തിക്കുന്നത് . ഉച്ചവരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന 66 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
60 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രാവിലത്തെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. വായു ഗുണനിലവാര സൂചിക 500നോട് അടുത്തതോടെ അതീവ ഗുരുതര നിലയിലാണ് അവസ്ഥ. ആനന്ദ് വിഹാറിലും അക്ഷര്‍ധാമിലും 493ഉം ദ്വാരകയില്‍ 469മാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ).
നോയിഡയില്‍ 454 ആണ് എ.ക്യു.ഐ. 51നും 100നും ഇടയിലാണ് തൃപ്തികരമായ എ.ക്യു.ഐ. 101-200 ഭേദപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം, 451-500 അതിഗുരുതരം എന്നിങ്ങനെയാണ് എ.ക്യു.ഐ തരംതിരിച്ചിട്ടുള്ളത്. വിഷമയമായ പുകമഞ്ഞ് കാഴ്ച മറയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.