ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ കുഴിബോംബ് പൊട്ടി കരസേനാംഗത്തിന് വീരമൃത്യു. ത്രെഗാമിലുള്ള പുത്താഹാ ഖാന്‍ ഗലിയിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി അംഗം ഹവില്‍ദാര്‍ സുബൈര്‍ അഹമ്മദാണ് മരിച്ചത്. സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഹവില്‍ദാര്‍ സുബൈറിനെ ദ്രഗ്‌മുള്ളയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉധംപൂരില്‍ ഇന്നലെ വൈകിട്ട് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. ഒരു ഭീകരന് വെടിയേറ്റു. മജാല്‍ത്തയിലെ വനമേഖലയിലുള്ള സോഹന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് തിരച്ചിലിനെത്തിയത്. വൈകിട്ട് ആറുമണിയോടെ ഭീകരരുടെ ഒളിത്താവളത്തിനരികിലെത്തി. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ ചികില്‍സയിലിരിക്കേ മരിച്ചു.
കനത്ത ഇരുട്ടും ദുര്‍ഘടമായ ഭൂപ്രകൃതിയും വേഗത്തിലുള്ള തിരച്ചിലിന് തടസമായി. ഭീകരരെ കണ്ടെത്താന്‍ കൂടുതല്‍ സൈനികരെത്തി പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരരാണ് സംഘത്തിലുള്ളതെന്ന് ഐജി ഭീംസെന്‍ ടുട്ടി പറഞ്ഞു. ഭീകരര്‍ രക്ഷപെടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും വിപുലമായ സൈനികവിന്യാസം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.