ആലപ്പുഴ: കൈനടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം നേതാവിന് നേരെ ബി.ജെ.പി ആക്രമണം.സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാംജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കാണ് വെട്ടേറ്റത്. മുഖത്ത് 9 തുന്നലുകളുണ്ട്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പത്താം വാര്‍ഡില്‍ പരാജയപ്പെട്ട സി.പി.എം സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത രാംജിത്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
വര്‍ഷങ്ങളായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിലാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു രാംജിത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാംജിത്ത് പരാജയപ്പെടുകയും സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.