കൊച്ചി: മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. നാലുമാസത്തേക്കാണ് സ്‌റ്റേ. മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും കിഫ്ബിക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഹൈക്കോതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കിഫ്ബിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് കേസിലെ തുടര്‍നടപടികള്‍ താല്‍കാലികമായി തടഞ്ഞുകൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കിയത്.
കിഫ്ബിയുടെ മസാല ബോണ്ടില്‍ ‘ഫെമ’ നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ തുടര്‍ നടപടികള്‍ക്കായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിലെ തുടര്‍ നടപടികളാണ് ഇപ്പോള്‍ ഹൈക്കോടതി നാലുമാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയും ഇനി അടിയന്തരമായി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടി വരില്ല.
കിഫ്ബിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട കാര്യങ്ങളുണ്ടെന്നു പറഞ്ഞ ഹൈക്കോടതി ഇതിനായി കിഫ്ബിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇഡി അടക്കമുള്ള, കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി ഇതുസംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നോട്ടീസിലെ നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി ഇനി ഈ കേസില്‍ വാദം കേള്‍ക്കുക.
അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കോടതിയില്‍ ഹാജരായിരുന്നു. കേസിലെ എല്ലാ നടപടികളും തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അത് അഡ്ജുഡിക്കേറ്റീവ് അതോറിറ്റിയുടെ തുടര്‍നടപടികളെ ബാധിക്കുമെന്നും കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സ്റ്റേ അനുവദിക്കരുതെന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള കേസാണ് കിഫ്ബി മസാല ബോണ്ട് കേസ്. കോണ്‍ഗ്രസും ബിജെപിയും കേരള സര്‍ക്കാരിനെ ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ കേസാണിത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഇഡിയെ എതിര്‍ക്കുമെങ്കിലും ഈ കേസില്‍ കേരളത്തില്‍ പൂര്‍ണമായ പിന്തുണ നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇടതുസര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഈ നാലുമാസത്തെ സാവകാശം രാഷ്ട്രീയപരമായി ഏറെ ആശ്വാസം നല്‍കുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്