കോട്ടയം: മോഹൻലാലിന്‍റെ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. മേജർ രവി തിരക്കഥ മോഷ്ടിച്ചത് ആണെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ ഹരജിയിലാണ് കോടതി ഉത്തരവ്. റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് കഥ എഴുതിയതെന്നും പക്ഷെ താൻ അറിയാതെ തിരക്കഥ മറ്റൊരാൾക്ക് നൽകി സിനിമയാക്കിയെന്നും വീണ്ടും സിനിമയിൽ സജീവമാകുമെന്നും റെജി മാത്യു പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.
2012 ഡിസംബര്‍ 21നാണ് കര്‍മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പെയാണ് ചിത്രം നിയമക്കുരുക്കിൽ പെട്ടത്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ച് കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഉപാധികളോട് അനുമതി നൽകുകയായിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം.
മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കോടിയേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു.