താമരശ്ശേരി : താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് കളക്ടർമാർ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചൊവ്വാഴ്ച ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കേടായതിനെത്തുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
2024 ഏപ്രിൽ 24-ന് കമ്മിഷൻ ചുരത്തിലെ ഗതാഗതക്രമീകരണങ്ങൾ സംബന്ധിച്ച് വിശദമായ ഉത്തരവ് വയനാട്, കോഴിക്കോട് കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്ന് ഉത്തരവിൽ പറയുന്നു. കമ്മിഷൻ മുൻപ് നൽകിയ ഉത്തരവ് പൂർണമായി നടപ്പാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജനുവരിയിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
ചുരത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ശൗചാലയസൗകര്യങ്ങൾ ഏർപ്പെടുത്തണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനും വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്യുന്നതിനുമായി ക്രെയിനും വർക്ക്‌ഷോപ്പും വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.