കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരി രാജ്യന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസ് -398 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിന്‍റെ രണ്ട് ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയർ തകരാറിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. വിമാനത്തിൽ 160 യാത്രക്കാർ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സിയാൽ അറിയിച്ചു.
അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടതോടെ ഏത് സാഹചര്യവും നേരിടാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. മുഴുവൻ യാത്രക്കാരും വിമാനത്താവളത്തിൽ വിശ്രമിക്കുകയാണ്.
നെടുമ്പാശ്ശേരിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കരിപ്പൂരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ലഭിക്കുന്ന വിവരം. അല്ലെങ്കിൽ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.