ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം കൊണ്ടുപോകാവുന്ന ലഗേജിന്റെ തൂക്കം നിശ്ചിത പരിധിക്ക് മുകളിലാണെങ്കില്‍ അധിക ചാര്‍ജ് ഈടാക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിമാനത്താവളങ്ങളില്‍ നടപ്പിലാക്കുന്ന മാതൃകയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും ബാഗേജ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഓരോ ക്ലാസിനും അനുവദനീയമായതില്‍ കൂടുതല്‍ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നല്‍കണം. ഇതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌കാനറുകളും ലഗേജ് തൂക്കം നോക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും. നിലവില്‍ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങളുണ്ടെങ്കിലും കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ട്രെയിന്‍ യാത്രക്കാര്‍ തൂക്കം നോക്കാതെയാണ് ലഗേജ് കൊണ്ടുപോയിരുന്നത്.
ഓരോ ക്ലാസിലും യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ലഗേജ് പരിധി റെയില്‍വേ അറിയിച്ചിട്ടുണ്ട്.
എസി ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് 70 കിലോഗ്രാം ലഗേജാണ് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുക. പരമാവധി 150 കിലോഗ്രാം വരെ പണമടച്ച് കൊണ്ടുപോകാന്‍ അനുവാദമുണ്ടാകും.
സെക്കന്‍ഡ് എസി യാത്രക്കാര്‍ക്ക് 50 കിലോഗ്രാം വരെയാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. പണമടച്ച് ഇവര്‍ക്ക് 100 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം.
എസി ത്രീ ടയര്‍, ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാം വരെയാണ് സൗജന്യ മായി കൊണ്ടുപോകാവുന്നത്. സ്ലീപ്പര്‍ ക്ലാസില്‍ ചാര്‍ജ് അടച്ച് 80 കിലോ വരെ കൊണ്ടുപോകാം.
ജനറല്‍ അഥവാ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് 35 കിലോഗ്രാം സൗജന്യമായും പണമടച്ച് പരമാവധി 70 കിലോഗ്രാം വരെയും ലഗേജ് അനുവദിക്കും.
ലഗേജ് നിരക്കിന്റെ ഒന്നര മടങ്ങ് തുകയാകും അധികഭാരത്തിന് അധികമായി ഈടാക്കുക. ഈ തുക ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസപ്പെടും.
വാണീജ്യ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ വ്യക്തിഗത ലഗേജായി കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇത്തരം സാധനങ്ങള്‍ റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ബ്രേക്ക് വാനുകളില്‍ (Break Vans - ട്രെയിനിലെ ചരക്ക് നീക്കത്തിനുള്ള പ്രത്യേക ഭാഗം) മാത്രമാണ് കൊണ്ടുപോകാന്‍ സാധിക്കുക. ഇവ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. കൂടാതെ ലഗേജുകളുടെ വലുപ്പത്തിലും റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്റര്‍ നീളം, 60 സെന്റിമീറ്റര്‍ വീതി, 25 സെന്റിമീറ്റര്‍ ഉയരം എന്ന വലുപ്പത്തില്‍ കൂടുതല്‍ ഉള്ളവ പാഴ്‌സല്‍ വാഗണുകളില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കൂ.
റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയക്രമത്തിലും മാറ്റം.
ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ രണ്ട് ഘട്ടങ്ങളിലായാണ് പുതിയ ക്രമീകരണം. രാവിലെ 5.01നും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേ ദിവസം രാത്രി എട്ട് മണിക്ക് തയ്യാറാക്കും.
ഉച്ചയ്ക്ക് 2.01നും പിറ്റേന്ന് രാവിലെ അഞ്ച് മണിക്കും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുന്‍പ് തയ്യാറാക്കും. ഈ മാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ അറിയിച്ചു.