കുമളി: ഏലത്തോട്ടത്തില്‍ നിന്ന് പച്ച ഏലയ്ക്ക മോഷ്ടിച്ചു വില്‍പന നടത്തുന്ന യുവാവ് കുമളി പൊലിസിന്റെ പിടിയിലായി. ചക്കുപള്ളം തെങ്ങുകവല പയ്യാനിക്കല്‍ മനു കുഞ്ഞുമോനാണ്(38) പിടിയിലായത്. ഇയാളില്‍ നിന്ന് 65 കിലോ ഏലക്കയാണ് പൊലിസ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രി മോഷ്ടിച്ച പച്ച ഏലക്കയുമായി ചക്കുപള്ളം ചെമ്പരത്തിപ്പാറ ദേവീക്ഷേത്രത്തിന് സമീപത്ത് നില്‍ക്കുകയായിരുന്ന മനുവിനെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലിസിനെ അറിയിക്കുകയായിരുന്നു.
ഗൂഡല്ലൂര്‍ സ്വദേശിയായ ദീപക് രാമന്റെ ചക്കുപള്ളം ചെമ്പരത്തി പാറ ദേവീക്ഷേത്രത്തിനു സമീപത്തെ തോട്ടത്തില്‍ നിന്നുള്ള ഏലയ്ക്കയാണ് മോഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.