താമരശ്ശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 4,7,8 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ചമൽ നിർമ്മല യു.പി. സ്കൂളിൽ ആവേശജ്ജ്വലമായ സ്വീകരണം നൽകി.
സ്കൂളിലെ പിടിഎ അംഗങ്ങൾ കൂടിയായ മെമ്പർമാരെ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി ജിസ്ന ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്വന്തം മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ ജനപ്രതിനിധികളായി എത്തിയ നാലാം വാർഡ് മെമ്പർ ശ്രീമതി സൗമ്യ പ്രജീഷ്, ഏഴാം വാർഡ് മെമ്പർ കെ സി ലെനിൻ, എട്ടാം വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് എന്നീ മെമ്പർമാർക്ക് അധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നാടിന്റെ സമഗ്ര വികസനത്തിനും തങ്ങളുടെ പരമാവധി പിന്തുണ നൽകുമെന്ന് മെമ്പർമാർ ഉറപ്പ് നൽകി.
അറബിക് ഭാഷ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം, ഉപന്യാസ മത്സരം, കാലിഗ്രാഫി മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികളെ മെമ്പർമാർ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ഹാസിഫ് പി ,വൈസ് പ്രസിഡൻറ് നൂറുദ്ദീൻ,എം പി ടി എ ചെയർപേഴ്സൺ സിനി മാത്യുഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷൈനി പി. എ. നന്ദി പറഞ്ഞു.