തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായ എന്യൂമറേഷൻ നടപടികൾ സംസ്ഥാനത്ത് പൂർത്തിയായി. കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 18 വയസ്സ് പൂർത്തിയായവരടക്കം പുതിയ വോട്ടർമാരെ ചേർക്കാൻ കാമ്പയിൻ നടത്തും. കാമ്പയിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ഉറപ്പാക്കും.
23 മുതൽ ഒരുമാസം പരാതികൾക്കും പുതുതായി വോട്ട് ചേർക്കാനും മാറ്റാനും അവസരമുണ്ടാകും. ഓൺലൈനായും ഓഫ്ലൈനായും ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും പരാതി നൽകാം. പരാതികൾ പരിശോധിച്ച് ഇ.ആർ.ഒമാർ നടപടിയെടുക്കും. എന്യൂമറേഷൻ ഫോം അടിസ്ഥാനമാക്കിയുള്ള ഹിയറിങ് കരട് നിലവിൽ വന്നശേഷം ആരംഭിക്കും.
ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താത്തവരടക്കമുള്ളവരെ ഹിയറിങ്ങിന് വിളിക്കുന്നത് സംബന്ധിച്ച് ഇ.ആർ.ഒമാരാണ് തീരുമാനിക്കുക. നിലവിലുള്ളവർക്ക് പുറമെ കൂടുതൽ ഇ.ആർ.ഒമാരെ നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കരട് സംബന്ധിച്ച പരാതികൾ ഇ.ആർ.ഒമാരെ അറിയിക്കാനും അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാനും അവസരമുണ്ടാകും. അതിനുശേഷവും പരാതി പരിഹരിച്ചില്ലെങ്കിൽ 30 ദിവസത്തിനകം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകാം. കരട് പട്ടികയിൽ പോരായ്മകളും തെറ്റുകളും ഉണ്ടാകാം. അത് തിരുത്താനുള്ള അവസരമാണ് നൽകുന്നത്. അതിന് ശേഷം ഫെബ്രുവരി 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
വിദേശത്ത് ജനിച്ച പൗരന്മാരുടെ വിവരങ്ങൾ ചേർക്കാൻ സംവിധാനമില്ലാത്തത് പരിഹരിക്കാൻ കമീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്.ഐ.ആർ നടപടികൾക്കൊപ്പം പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തുന്ന ക്രമീകരണവും നടത്തുന്നുണ്ട്. നിലവിൽ 25468 ബൂത്തുകളാണുള്ളത്. പുതുതായി 5030 ബൂത്തുകൾ കൂടി വരും.