പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ഭയ്യാര്‍ നേരിട്ടത് സമാനതകളില്ലാത്ത മര്‍ദനം. ദേഹമാസകലം വടികൊണ്ടടിച്ച പാടുകളാണ്. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്കുണ്ട്. പരുക്കിന്‍റെ ആഴമറിയാന്‍ എക്സ്റേ പരിശോധന നടത്തും. നാലുദിവസം മുന്‍പാണ് രാം നാരായണ്‍ കൂലിപ്പണിതേടി കേരളത്തിലെത്തിയത്. കള്ളനെന്ന് മുദ്രകുത്തിയാണ് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മർദിച്ചത്. ഇതുമായി ബന്ധപ്പെട്ട് 9പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ 20ലേറെപ്പേര്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം.
അതേസമയം രാം നാരായണിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ബുധനാഴ്ച വൈകീട്ട് ആറിന് കിഴക്കേ അട്ടപ്പള്ളത്താണ് രാം നാരായണിന് മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ രാം നാരായണ്‍ പാലക്കാട് ജില്ലാ ആശുപത്രിയിൽ രാത്രി ഒമ്പതു മണിയോടെ മരണമടഞ്ഞു.