പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടിവന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാം നാരായണന്റെ
തലയിലും ശരീരത്തിലും ഏറ്റ പരിക്കാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്.
രാമിൻ്റെ തല മുതൽ കാൽ വരെ നാൽപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. മർദിച്ചവർ രാമിൻ്റെ പുറം മുഴുവൻ വടി കൊണ്ട് അടിച്ചുപൊളിച്ചിരുന്നു. ഇത് കൂടാതെ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളും ശരീരത്തിലാകമാനമുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോർട്ടത്തിന് മുൻപായി എടുത്ത എക്സ്റേ ഫലത്തിലുണ്ട്.
ഡിസംബർ 18നാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മർദ്ദനം. സംസാരിക്കാൻ ശ്രമിക്കുമ്പോളെല്ലാം രാമിന് മർദ്ദനമേൽക്കേണ്ടി വന്നുകൊണ്ടിരുന്നു.
വാളയാർ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് രാമിന് മർദ്ദനമേൽക്കേണ്ടിവന്നത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്