നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അണലി' എന്ന വെബ് സീരിസിന്‍റെ സംപ്രേക്ഷണം വിലക്കാതെ കോടതി. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെ കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് സീരിസിന്‍റെ സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനേയും കേസില്‍ കക്ഷിയാക്കാന്‍ നിർദേശമുണ്ട്.
ജസ്റ്റിസ് വി ജി അരുണ്‍ ആയിരുന്നു ഹർജി പരിഗണിച്ചത്. റിലീസ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ അദ്ദേഹം നിർദേശിച്ചു. അണലി വെബ് സീരിസിന്‍റെ കഥ കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണെന്നും അതിനാല്‍ സംപ്രേക്ഷണം തടയണം എന്നുമായിരുന്നു ജോളി ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.
കൂടത്തായി കേസുമായി സാദൃശ്യമുള്ള ചില കാര്യങ്ങള്‍ വെബ് സീരിസിന്‍റെ ടീസറില്‍ ഉണ്ടെന്നല്ലാതെ അനുമാനങ്ങളുടേയും ഊഹങ്ങളുടേയും അടിസ്ഥാനത്തില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു. ഹോട്ട്സ്റ്റാറിനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 15 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.