അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 30 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (25 പന്തില്‍ 63), തിലക് വര്‍മ (42 പന്തില്‍ 73) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (22 പന്തില്‍ 37), അഭിഷേക് ശര്‍മ (21 പന്തില്‍ 34) എന്നിവര്‍ നല്‍കിയ തുടക്കം ഹാര്‍ദിക്-തിലക് സഖ്യം ഏറ്റെടുക്കുകയായിരുന്നു. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. 35 പന്തില്‍ 65 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റ് നേടി.
ഡി കോക്കിന് പുറമെ ഡിവാള്‍ഡ് ബ്രേവിസ് (31), ജോര്‍ജ് ലിന്‍ഡെ (16), റീസ ഹെന്‍ഡ്രിക്‌സ് (13), ഡേവിഡ് മില്ലര്‍ (18), മാര്‍കോ ജാന്‍സന്‍ (14) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ചക്രവര്‍ത്തിക്ക് പുറമെ ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് നേടി.
മോഹിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ടീമിലെത്തിയ സഞ്ജു അവസരം മുതലാക്കുന്ന കാഴ്ച്ചയാണ് അഹമ്മദാബാദില്‍ കണ്ടത്. സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് നേടി. എന്നാല്‍ ആറാം ഓവറില്‍ അഭിഷേക് മടങ്ങി. ബോഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെ സഞ്ജു, തിലകിനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ സഞ്ജുവും വീണു. ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ രണ്ട് സിക്‌സും നാല് ഫോറും സഞ്ജു നേടിയിരുന്നു