കൊച്ചി:കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശി വനജയാണ് മരിച്ചത്. വീടിനുള്ളിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് മുറിവുണ്ടായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക അവശതകൾ ഉള്ളതിനാൽ രാത്രികാലങ്ങളിൽ സഹോദരിയുടെ മകളും ഭർത്താവുമാണ് വനജയ്ക്ക് കൂട്ടിന് വരാറുള്ളത്. ഇന്നലെ രാത്രി ഇവർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
ഭർത്താവിന്റെ മരണശേഷം തനിച്ചായ വനജ ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ വീടിന്റെ മുൻവാതിൽ അടയ്ക്കാറില്ലായിരുന്നെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഗേറ്റ് പൂട്ടും. അതേസമയം, ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.