ഷാർജ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായി പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഷാർജ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും വെളളക്കെട്ട് തുടരുകയാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കെട്ടിൽനിന്നാണ് ഷാർജയിൽ രണ്ടു പേർക്ക് വൈദ്യുതാഘാതമേറ്റത്. വ്യവസായ മേഖലയിലായിരുന്നു ദാരുണ സംഭവം. പാകിസ്താൻ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും കെട്ടിടത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്നും പോലീസ് അറിയിച്ചു. മഴ സമയത്ത് അപകടസാധ്യത കണക്കിലെടുത്ത് വെള്ളക്കെട്ടിൽ ഇറങ്ങരുതെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മഴ മാറിയെങ്കിലും ഷാർജയിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നുണ്ട്. മുവെയ്‌ല, ന്യൂ മുവെയ്‌ല, സ്‌കൂൾ ഏരിയ എന്നിവിടങ്ങളിൽ വെള്ളവും ചെളിയും മാറിയിട്ടില്ല. കിങ് ഫൈസൽ സ്ട്രീറ്റ്, കെ എം ട്രേഡിങ് സെന്ററിനടുത്തുള്ള റോഡ്, അൽ നഹ്ദ, അൽ വഹ്ദ അൽ വഹ്ദ റോഡിന്റെ പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. നഗര ശുചീകരണ നടപടി അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
നഗരത്തിലെ പ്രധാന റോഡുകളില്ലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. ദുബായ്, അബുദാബി നഗരങ്ങൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി. നാളെയും രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ച മുതൽ മഴ പൂർണമായും വിട്ടൊഴിഞ്ഞ്, രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്തും.